ഞാൻ ഒരുപാടിഷ്ടപ്പെടുന്ന എഴുത്തുകാരനായ ഡാൻ ബ്രൗണിന്റെ മൂന്നാമത്തെ പുസ്തകമാണ് "ഡീസെപ്ഷൻ പോയിന്റ് ". റോബർട്ട് ലാങ്ടൺ എന്ന കഥാപാത്രം ഇല്ലാതെ ഡാൻ ബ്രൗണിന്റെ പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങളിൽ ഒന്നാണ് "ഡീസെപ്ഷൻ പോയിന്റ്".
ത്രില്ലറുകളുടെ രാജകുമാരനായ ഡാൻ ബ്രൗണിന്റെ മറ്റു പുസ്തകങ്ങളിൽ നിന്ന് ഒരുപാട് വ്യത്യസ്ത പുലർത്തിയ പുസ്തകമാണ് "ഡീസെപ്ഷൻ പോയിന്റ് ". ഒരു സയൻസ് ഫിക്ഷൻ എന്ന് തന്നെ വേണമെങ്കിൽ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം . ശാസ്ത്രലോകത്തെ പല വാചകങ്ങളും വാക്കുകളും ധാരാളമായി ഉപയോഗിച്ചിട്ടുള്ള ഈ പുസ്തകം വായിക്കാൻ ഞാൻ കുറച്ചേറെ പണിപ്പെട്ടു എന്നുള്ളത് വാസ്തവമാണ് . പല അദ്ധ്യായങ്ങളും മനസ്സിലാക്കാൻ ഒന്നിൽ കൂടുതൽ തവണ വായിക്കേണ്ടി വന്നു എന്നുള്ളതും വാസ്തവമാണ് .
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടു വ്യക്തികളും , ലോക പ്രശസ്ത ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയും , അമേരിക്കയുടെ മറ്റ് പ്രശസ്ത സ്ഥാപനങ്ങളും നിറഞ്ഞു നിൽക്കുന്ന പുസ്തകമാണ് ഡീസെപ്ഷൻ പോയിന്റ് .
നാസ എന്ന ബഹിരാകാശ ഗവേഷണ കേന്ദ്രം രാജ്യത്തിന് നഷ്ടം മാത്രം ആണ് നൽകുന്നത് എന്ന വാദവുമായിട്ടാണ് , കഥയിലെ അമേരിക്കൻ പ്രസിഡന്റ് ആയി എത്തുന്ന സാക് ഹെർണേ ക്കെതിരെ മത്സരിക്കുന്ന സെനറ്റർ സെസ്റ്റൻ ഇലെക്ഷൻ രംഗത്തുള്ളത് . ജനങ്ങൾക്കിടയിൽ സെനറ്റർ സെസ്റ്റൻ എന്ന വ്യക്തിക്ക് വൻ മുന്നേറ്റമാണ് ഈ വാദങ്ങൾ അദ്ദേഹത്തിന് ഉണ്ടാക്കി കൊടുത്ത്. അതിനാൽ തന്നെ കിട്ടുന്ന അവസരങ്ങളിൽ എല്ലാം നാസയെ വിമർശിച്ചും താൻ ജനങ്ങൾക്കൊപ്പമാണ് എന്ന് സ്ഥാപിക്കാനും അദ്ദേഹം ശ്രദ്ധിച്ചു പോരുന്നു .
എന്നാൽ അദ്ദേഹത്തിന്റെ മകളും കഥയിലെ മുഖ്യ കഥാപാത്രവുമായ റേച്ചൽ സെസ്റ്റൻ ആകെട്ടെ വൈറ്റ് ഹൗസിനു വേണ്ടി ജോലി ചെയ്യുന്ന വ്യക്തിയും . തന്റെ അമ്മയുടെ മരണത്തിനു ഹേതുവായ അച്ഛനുമായി അകന്നു നിൽക്കുന്ന ഒരു വ്യക്തി ആയിട്ടാണ് റേച്ചൽ സെസ്റ്റൺ ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നത് . അതിനാൽ തന്നെ അച്ഛനെക്കാൾ റേച്ചൽ മുൻഗണന നൽകുന്നത് മാന്യനും സത്യസന്ധനും ആയ ഇപ്പോഴത്തെ പ്രസിഡന്റ് സാക് ഹെർണേയ്ക്കാണ് .
ഇലെക്ഷനിൽ തന്റെ പ്രസിഡന്റ് പദവി സത്യത്തിന്റെ മാർഗ്ഗത്തിലൂടെ നിലനിർത്താൻ ആഗ്രഹിക്കുന്ന സാക് ഹെർണേയ്ക്കു വീണു കിട്ടുന്ന നല്ലൊരു അവസരമാണ് , നാസയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമായി അവർ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ച ഉൽക്കയും അതിൽ കണ്ടെത്തിയ ജീവികളുടെ ഫോസ്സിലുകളും . ബഹിരാകാശത്തും ജീവാംശം ഉണ്ട് എന്ന് തെളിയിക്കുന്ന ഈ കണ്ടുപിടിത്തം അദ്ദേഹം ആവേശത്തോടെയാണ് ജനങ്ങളിലേക്ക് എത്തിച്ചത്. എതിർ ഭാഗത്ത് നിന്ന് ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ സംശയങ്ങളുടെയും പഴുതുകൾ അടക്കാൻ വേണ്ടി നാസയിലെ ശാസ്ത്രജ്ഞർക്ക് പുറമെ അമേരിക്കയിലെ മറ്റു പ്രശസ്ത ശാസ്ത്രജ്ഞരുടെയും കൂടി ഉറപ്പു കിട്ടിയതിനു ശേഷം മാത്രമാണ് അദ്ദേഹം ഈ വാർത്ത പുറം ലോകത്തെ അറിയിക്കുന്നത് .
ഈ കണ്ടുപിടിത്തത്തെ ചുറ്റി പറ്റി വളരുന്ന കഥയിൽ ഇടയ്ക്കു വെച്ചുണ്ടാകുന്ന സംഭവികാസങ്ങൾ ആണ് ഈ പുസ്തകത്തെ ഒരു ത്രില്ലെർ ആക്കി മാറ്റുന്നത് . വില്ലന്മാരും വില്ലത്തികളും ഒക്കെ അണിനിരക്കുന്ന കഥ പല സന്ദർഭങ്ങളിലും വായനക്കാരിൽ ആകാംക്ഷ സൃഷ്ടിക്കാൻ ഉതകുന്നതാണ് .ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അതിപ്രസരം പലപ്പോഴും സാധാരണ വായനക്കാരുടെ ആസ്വാദനത്തെ ഇല്ലാതാക്കാൻ ഉള്ള സാധ്യതയും തള്ളി കളയാൻ ആവില്ല .
ഡാൻ ബ്രൗൺ കൃതികളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെ ആയിരുന്നു ഡീസെപ്ഷൻ പോയിന്റ് എന്ന ഈ പുസ്തകം സമ്മാനിച്ചത് . ഡാൻ ബ്രൗൺ എന്ന എഴുത്തുക്കാരനെക്കാൾ കൂടുതൽ ഒരു ശാസ്ത്രജ്ഞനെ ആണ് നമ്മുക്ക് ഈ പുസ്തകത്തിലൂടെ കാണാൻ സാധിക്കുന്നത് എന്നും എടുത്തു പറയേണ്ടിയിരിക്കുന്നു .
Enjoyed reading it.....