അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിന് ശേഷം ഞാൻ വായിച്ച മറ്റൊരു മനോഹരമായ നോവൽ ആണ് മുല്ലപ്പൂ നിറമുള്ള പകലുകൾ . അൽ അറേബ്യൻ നോവൽ ഫാക്ടറിയും മുല്ലപ്പൂ നിറമുള്ള പകലുകളും പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന നോവലുകളാണ് . ഇവ പ്രസിദ്ധീകരിച്ച സമയത്ത് ബെന്യാമിന്റെ ഇരട്ട നോവലുകൾ എന്നാണ് അറിയപ്പെട്ടിരുന്നത് . പരപസ്പരം ബന്ധിപ്പിക്കപ്പെട്ടവയാണെങ്കിലും സ്വന്തം അസ്തിത്വം ഇവ നിലനിർത്തുന്നു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ് .
അൽ അറേബ്യൻ നോവൽ ഫാക്ടറിയിൽ പ്രതാപ് എന്ന കഥാപാത്രം അന്വേഷിച്ചു നടന്നിരുന്ന പുസ്തകവും അത് എഴുതിയ സമീറ പർവീൺ എന്ന വ്യക്തിയുമാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന പുസ്തകത്തിലെ മുഖ്യ കഥാപാത്രങ്ങൾ ആയി നമ്മുക്ക് മുന്നിൽ എത്തുന്നത് .
പേര് പറയാത്ത രാജ്യത്തു റേഡിയോ ജോക്കി ആയി ജോലി നോക്കിയിരുന്ന സമീറ പർവീൺ തന്റെ ജീവിതാനുഭവങ്ങൾ സുഹൃത്തായ ജാവേദിനു അയക്കുന്ന മെയിലുകൾ ആയിട്ടാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . പാക്കിസ്ഥാനി ആയ സമീറ തന്റെ അച്ഛൻ, ജോലി സംബന്ധമായി വർഷങ്ങളായി ജീവിച്ചു പോരുന്ന നഗരത്തിലേക്ക് ഒരു റേഡിയോ ജോക്കി ആയി ജോലി നേടി കൊണ്ടാണ് അവിടേക്കു എത്തി ചേരുന്നത് .
ബാബ എന്ന് സമീറ വിളിക്കുന്ന തന്റെ അച്ഛന്റെ ബന്ധുക്കൾ എല്ലാവരും കൂടി ഒരുമിച്ചു താമസിക്കുന്ന തായ് ഘർ ഈ കഥയിൽ ഒരു മുഖ്യ സ്ഥാനം വഹിക്കുന്നു . കൂട്ടുകുടുംബം ആണെങ്കിലും എല്ലാവർക്കും അവരവരുടേതായ സ്വകാര്യത ഉള്ള വീടാണ് തായ് ഘർ. വാരാന്ത്യങ്ങളിൽ മാത്രം എല്ലാവരും ഒത്തു കൂടുകയും അല്ലാത്ത സമയങ്ങളിൽ അവരവരുടേതായ ജീവിതം ജീവിക്കുകയും ചെയ്യുന്നു ഈ വീട്ടിൽ ഉള്ളവർ .
തന്റെ അച്ഛന്റെ ജ്യേഷ്ഠ സഹോദരൻ ആയ തായ ആണ് എല്ലാവരുടെയും ജീവിതത്തിന് അടിത്തറ ഉണ്ടാക്കി കൊടുത്തത് . അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകളും തീരുമാനങ്ങളും എല്ലാവരും അനുസരിക്കുകയും മാനിക്കുകയുംചെയ്തു പോന്നു . പോലീസിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന തായ തന്റെ സഹോദരങ്ങളെയും പോലീസ് സേനയിൽ ജോലിക്കാരാക്കുകയും ചെയ്തിരുന്നു . അതിനാൽ തന്നെ സമീറയുടെ ബാബയും ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു .
റേഡിയോ ജോക്കി ആയി ജോലി നോക്കുന്ന സമീറ, തന്റെ ജോലി വളരെ അധികം ആസ്വദിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന വ്യക്തിയാണ് . കൂടെ ജോലി ചെയ്യുന്നവരുമായി ഇണങ്ങിയും പിണങ്ങിയും സന്തോഷത്തോടെ പോകുന്നതിനിടയിൽ ആണ് സമീറയുടെ ജീവിതത്തിന്റെ ഗതി മാറാൻ തുടങ്ങുന്നത് .
തന്റെ കൂടെ ജോലി ചെയ്യുന്ന അലി എന്ന ചെറുപ്പകാരനിലൂടെ വളരെ ശാന്തവും സുന്ദരവും എന്ന് കരുതുന്ന താൻ ജീവിക്കുന്ന നഗരത്തിന്റെ മറ്റൊരു മുഖം സമീറ അറിയുന്നു. സ്വന്തം ദേശത്ത് വിദേശികളെ പോലെ കഴിയേണ്ടി വരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു അലി . അലിയുടെ ചിന്തകൾ പലപ്പോഴും സമീറയെ അസ്വസ്ഥ ആക്കുകയും അത്ഭുതപ്പെടുകയും ചെയ്തിരുന്നു .
രണ്ടാം നമ്പറുകാർ എന്നറിയപ്പെടുന്ന അലിയുടെ വിഭാഗത്തിൽ ഉള്ളവർ ആ രാജ്യത്തു തങ്ങളുടെ അവകാശങ്ങൾ നേടി എടുക്കാൻ സമരം സംഘടിപ്പിക്കുകയും അത് വലിയ തോതിൽ വാർത്തയാകുകയും ചെയ്യുന്നു. തങ്ങളുടെ അവകാശങ്ങൾ നേടി എടുക്കാനായി സമരത്തിനിറങ്ങിയവരുടെ ഇടയിലേക്ക് എല്ലായിടത്തും സംഭവിക്കുന്നത് പോലെ ഒരു കൂട്ടം വിഷസർപ്പങ്ങൾ കടന്നു കൂടി സമരത്തിന്റെ നിറം തന്നെ മാറ്റുന്നു. അത് ചെന്നെത്തുന്നത് വലിയ ദുരന്തത്തിലാണ് .
ഭരണാധികാരികൾ ആദ്യമൊക്കെ സമരത്തെ കാര്യമായി എടുത്തില്ല എങ്കിലും അതിന്റെ ശക്തി വളരുന്നത് കണ്ട് പട്ടാളത്തെ ഇറക്കി സമരം ചെയ്തവരെ അടിച്ചൊതുക്കുന്നു .പോലീസും സമരക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ കുറച്ചു പേരെങ്കിലും മരണപ്പെടുന്നു . മരണപെട്ടവരിൽ ഒരു ദുരന്തമായി സമീറയുടെ ബാബയും ഉൾപ്പെടുന്നു . ബാബയുടെ മരണം സമ്മാനിച്ച നടുക്കത്തെക്കാൾ സമീറയെ തകർത്തത് ബാബയുടെ മരണം സംഭവിച്ചത് തന്റെ സുഹൃത്തായ അലിയുടെ കൈകളാൽ ആണ് എന്ന തിരിച്ചറിവാണ് .
നോവലിൽ പറഞ്ഞിട്ടുള്ളത് പോലെ നല്ല ഉദ്ദേശത്തിനു വേണ്ടി നിലകൊള്ളുന്ന പല സമരങ്ങളും ദുഷ്ട ചിന്താഗതിക്കാരുടെ ഇടപെടലുകൾ മൂലം നിറം മാറി തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതായാണ് പലപ്പോഴും നാം കണ്ടു വരുന്നത് . തങ്ങളെ നയിക്കുന്നവർ തെറ്റായ ദിശയിലേക്കാണ് തങ്ങളെ നയിക്കുന്നത് എന്ന് തിരിച്ചറിയാതെ ബലിയാടാക്കപ്പെടുന്ന ഒരുപാടു പേർ നമ്മുക്ക് ചുറ്റും ഉണ്ട് എന്നുള്ളതും വസ്തുതയാണ് .
എന്ത് തന്നെ ആയാലും മനോഹരമായ ഒരു വായനാനുഭവം തന്നെയാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ എനിക്ക് സമ്മാനിച്ചത് എന്ന് നിസ്സംശയം പറയാൻ സാധിക്കും .
എഴുത്ത് നന്നായിട്ടുണ്ട്... ലളിതമായ ഭാഷ തന്നെയാണ് അതിന്റെ പിൻബലം..