കെ ആർ മീരയുടെ മനോഹരമായ ഒരു കൃതി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന നോവൽ.
ജെസബൽ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന നോവൽ വർണ്ണിക്കുന്നത്. ബൈബിളിൽ പ്രവാചക ആയി ചിത്രീകരിക്കുന്ന ഒരു രാഞ്ജിയുടെ പേരാണ് ജെസബൽ എന്ന് കഥയിലുട നീളം വിവിധ തരത്തിൽ ഉള്ള ആമുഖങ്ങളോടെ പറഞ്ഞു പോകുന്നു . ഓരോ അദ്ധ്യായത്തിന്റെയും ആദ്യഖണ്ഡിക ജെസബൽ രാഞ്ജിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏതെങ്കിലും ബൈബിൾ വചനത്തോടെയാണ് ആരംഭിക്കുന്നത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. കഥയിലെ നായിക കഥാപാത്രമായ ജെസബലിന്റെ ജീവിതവുമായി ഒരുപാട് പൊരുത്തങ്ങൾ ഉണ്ട് ജെസബൽ രാഞ്ജിയുടെ ജീവിതത്തിന് എന്ന് ഈ ഖണ്ഡികകൾ അനുസ്മരിപ്പിക്കുന്നു .
വിവാഹമോചന കേസിന്റെ ഭാഗമായി കോടതിമുറിയിൽ എതിർഭാഗം വക്കീലിന്റെ ചോദ്യങ്ങളെ നേരിടുന്ന ഒരു ഡോക്ടർ ആയിട്ടാണ് ജെസബൽ ഈ കഥയിൽ അവതരിക്കുന്നത്. എതിർഭാഗം വക്കീൽ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരത്തിനൊപ്പം ജെസബേലിന്റെ ഓർമ്മകളായിട്ടാണ് അവളുടെ ജീവിതം ഈ കഥയിൽ ചിത്രീകരിക്കുന്നത് .
ഭക്തിയിലും അതിന്റെ വേര് പിടിച്ചു വരുന്ന ജീവിത രീതികളിലും അടിയുറച്ചു വിശ്വസിക്കുന്ന ഒരമ്മയുടെയും , അമ്മയുടെ ഈ ജീവിതരീതിയിൽ സ്വയം ഹോമിച്ചു കഴിയുന്ന ഒരു പിതാവിന്റെയും പുത്രിയാണ് എം ടിക്ക് പഠിക്കുന്ന ജെസബൽ . ആ സമയത്താണ് ജെറോം ജോർജ് മരക്കാരൻ എന്ന വ്യക്തിയുടെ വിവാഹാലോചന വരുന്നതും , അയാളുമായി ജെസബലിന്റെ വിവാഹം നടക്കുന്നതും.
ഒരുപാട് സ്വപ്നങ്ങളുമായി ഏതൊരു പെണ്ണിനേയും പോലെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ജെസഭലിന് ആദ്യരാത്രി തന്നെ സമ്മാനിച്ചത് കയ്‌പേറിയ അനുഭവങ്ങൾ ആണ്. ഭർത്താവിന്റെ വീട്ടിൽ കയ്‌പേറിയ അനുഭവങ്ങൾ ഏകദേശം രണ്ടര വർഷത്തോളം ജെസബൽ അനുഭവിക്കുന്നു . ഭർത്താവായ ജെറോം ഒരു ആക്‌സിഡന്റിൽ പെട്ട് കോമയിൽ ആയതോടെയാണ് തന്റെ വല്യമ്മച്ചി കൊടുത്ത ധൈര്യത്തിൽ ജെസ്‌ബെൽ വിവാഹമോചനത്തിന് തയ്യാറായത്.
ഈ ജീവിതയാത്രയിൽ ജെസബൽ വിവിധ മനുഷ്യകോമരങ്ങളെ കണ്ടു മുട്ടുന്നു . ചിലവർ അവളുടെ നന്മയാണ് ആഗ്രഹിച്ചത് എങ്കിൽ ചിലർ അവളുടെ തിന്മ മാത്രമാണ് ആഗ്രഹിച്ചത് . കോമായിൽ കിടക്കുന്ന ഭർത്താവിനെ നോക്കാതെ തന്റെ വിദ്യാഭ്യാസത്തിനും ജോലിക്കും കൂടുതൽ മുൻഗണന കൊടുത്തു എന്ന കാരണത്താൽ സമൂഹത്തിന്റെ കല്ലേറ് വാങ്ങിയ ഒരു കഥാപാത്രമാണ് ജെസബൽ .
രണ്ടര വർഷത്തോളം ഒരാളുടെ ഭാര്യ ആയി ജീവിച്ചിട്ടും കന്യക ആയി തന്നെ ജീവിക്കേണ്ടി വന്ന ജെസബൽ എന്ന വ്യക്തിയുടെ മാനസിക സമ്മർദ്ദം സമൂഹം തിരിച്ചറിഞ്ഞില്ല. ഏതവസ്ഥയിലും ഭർത്താവിനെ ശുശ്രുഷിക്കേണ്ടവളാണ് ഭാര്യ എന്ന കപട മൂടുപടത്തിനിരയായവൾ ജെസബൽ .
ഭർത്താവിന് സ്ത്രീയേക്കാൾ പുരുഷനെയാണ് ഇഷ്ടം എന്ന് തിരിച്ചറിഞ്ഞപ്പോഴും ഒന്ന് നിലവിളിക്കാൻ പോലും ആവാതെ തരിച്ചു നിന്ന ജെസബൽ . ആൺ സുഹൃത്തിന്റെ മകൾക്കു വേണ്ടി സമയം ചിലവഴിച്ചതിന് വഴിപിഴച്ചവൾ എന്ന പേര് ചാർത്തി കിട്ടിയവൾ ജെസബൽ .
ഒടുവിൽ ഭർത്താവിന്റെ മരണാന്തര ചടങ്ങുകൾക്കിടയിൽ , കുടുംബ കോടതിയിൽ വിവാഹമോചന കേസിൽ പരാജയപ്പെട്ടതിന്റെ വിധി പകർപ്പ് വായിച്ചു നിസ്സംഗയായി ഇരുന്നവളും ജെസബൽ .
നമ്മുക്ക് ചുറ്റും കാണാൻ സാധിക്കുന്ന പല മുഖങ്ങൾക്കും ജെസബലിന്റെ ഛായയാണ് . തന്റെ ഇഷ്ടങ്ങൾ ഭർത്താവിനും കുടുംബത്തിനും വേണ്ടി ത്യജിക്കേണ്ടി വന്ന എത്രയോ സ്ത്രീകൾ നമ്മുക്ക് ചുറ്റും ഉണ്ട് എന്നുള്ളതും വസ്തുതയാണ്. ഒരിക്കൽ നന്നായി ഒരുങ്ങി നടന്നവൾ വിവാഹത്തിന് ശേഷം ഒരു പൊട്ടു പോലും കുത്താൻ സാധിക്കാതെ ജീവിതം ഹോമിക്കുന്നവർ. ഇഷ്ടപെട്ട ഹോബികൾ വിവാഹത്തോടെ അവസാനിപ്പിക്കേണ്ടി വന്നവർ . വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും നല്ല ജോലി ഉണ്ടായിരുന്നിട്ടും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഭർത്താവിനോട് ചോദിക്കേണ്ടി വരുന്നവർ . അങ്ങിനെ അങ്ങിനെ എത്രയോ സ്ത്രീകൾ നമ്മുക്ക് ചുറ്റും ജീവിച്ചു മരിക്കുന്നു. ഒരുത്തമ ഭാര്യ ആകാൻ, അമ്മയാകാൻ തന്റെ ഇഷ്ടങ്ങൾ മുഴുവൻ ത്യജിച്ചിട്ടും ഒന്നും നേടാനാവാതെ ജീവിതം ജീവിച്ചു തീർക്കുന്നവർ.
അവരിൽ ഒരാൾക്കെങ്കിലും ജെസബൽ എന്ന കഥാപാത്രത്തെ പോലെ തന്റെ ജീവിതത്തെ ബാധിച്ച മാറാപ്പുകൾ വലിച്ചെറിയാൻ സാധിക്കുകയും , എന്നും പ്രതീക്ഷയുടെ പുതിയ ഒരു ദിനം നമ്മുക്ക് തരുന്ന സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്നും ആശിച്ചു പോകുന്നു ..
Well written...