അങ്കിൾ എന്ന തലകെട്ട് കാണുമ്പോൾ ഇത് വായിക്കുന്ന എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്നത് പ്രായം ചെന്ന ഒരു മനുഷ്യൻ ആയിരിക്കും എന്നുള്ളത് ഉറപ്പാണ് . എന്നാൽ ഞാൻ ഇവിടെ പറയുന്ന "അങ്കിൾ " പത്തു വയസ്സിന് മുകളിൽ പ്രായം വരുന്ന , കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് വരെ തെരുവിൽ ജീവിച്ച ഒരു നായയാണ് .ഒരു ദിവസം അവശ നിലയിൽ ആയ അവനെ ഏറ്റവും സുരക്ഷിതമായ കൈകളിലേക്ക് കൈമാറാൻ സാധിച്ച സന്തോഷത്തിലാണ് ഇന്നും ഞാൻ .
"Arrow " എന്ന ആനിമൽ റെസ്ക്യൂ സംഘടനയുടെ കോർഡിനേറ്റർ ആയ അഞ്ജലി വഴിയാണ് അവരുടെ കൂടെ പ്രവർത്തിക്കുന്ന ജോബിനെ പരിചയപ്പെടുന്നത് . അങ്കിൾ എന്ന പേര് നായക്ക് നൽകിയത് അഞ്ജലിയും ജോബിനും കൂടിയാണ് . പ്രായാധിക്യം കൊണ്ടുണ്ടായ അവശ നിലയിൽ നിന്ന് ജോബിന്റെ ശുശ്രുഷയുടെയും സ്നേഹത്തിന്റെയും ഫലമായി അങ്കിൾ ഇന്ന് ആരോഗ്യവാനും സന്തോഷവാനും ആയി ജോബിന്റെ വീട്ടിൽ സുഖമായി കഴിയുന്നു .
ജോബിൻ എന്ന ഈ ചെറുപ്പക്കാരൻ മിണ്ടാപ്രാണികൾക്കായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ചിരിക്കുന്ന ഒരു വ്യക്തിയായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് . കേരളത്തിന്റെ പതിനാല് ജില്ലകളിലും സേവനം ഉള്ള "arrow " എന്ന സംഘടനയുടെ നെടും തൂണായി പ്രവർത്തിക്കുന്നത് പോലും ജോബിനാണ് എന്ന് അവരുടെ പല വാർത്താകുറിപ്പുകളിൽ നിന്നും എനിക്ക് തോന്നിയിട്ടുണ്ട് . വണ്ടി ഇടിച്ച നായ്ക്കൾക്കു വേണ്ടിയും , വഴിയിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കു വേണ്ടിയും , എന്തെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങൾ ബാധിച്ച അവശനിലയിൽ കഴിയുന്ന നായ്ക്കൾക്ക് വേണ്ടിയും , കേരളത്തിന്റെ ഓരോ കോണിലും ഓടി എത്തുന്ന ജോബിൻ ഒരു മാതൃകയാണ് .
ഇന്ന് ജോബിന്റെ ഒരു വാട്സാപ്പ് സ്റ്റാറ്റസ് കണ്ടു അവനെ ഞാൻ വിളിക്കുകയുണ്ടായി . അവന്റെ സ്റ്റാറ്റസ് വീട്ടുടമയെ രക്ഷിച്ചു മരണത്തിലേക്ക് പോയ ഒരു നായയുടെ വാർത്തയും ഒപ്പം അവന്റെ ഒരു കമ്മെന്റുമാണ് അവനെ വിളിക്കാൻ എന്നെ പ്രേരിപ്പിച്ചത് . അവന്റെ കമന്റ് ഇപ്രകാരമായിരുന്നു "സ്നേഹിച്ചാൽ ജീവൻ പോലും തരാൻ മടിയില്ലാത്ത മിണ്ടാപ്രാണികളക്ക് വേണ്ടി ആരൊക്കെ തള്ളി പറഞ്ഞാലും ഇനിയും ഞാൻ പ്രവർത്തിക്കും " എന്നതായിരുന്നു . എപ്പോഴും സന്തോഷത്തോടെ മാത്രം സംസാരിക്കുന്ന ജോബിന്റെ മനസ്സ് വേദനിപ്പിച്ച എന്തോ ഉണ്ടായി എന്ന തോന്നൽ ആണ് അവനെ വിളിച്ചു സംസാരിക്കാൻ എന്നെ പ്രേരിപ്പിച്ചത് .
എന്റെ തോന്നൽ ശെരി ആയിരുന്നു . കുമരകം എന്ന സ്ഥലത്ത് വണ്ടിയിടിച്ചു നടുവിന് ക്ഷതമേറ്റ ഒരു നായയുമായി ബന്ധപെട്ടു ഉണ്ടായ ഒരു സംഭവമാണ് അവനെ വേദനിപ്പിച്ചത് . കുമരകത്തുള്ള നാട്ടുകാരും പോലീസും ഒക്കെ ചേർന്ന് ആ നായയെ മൃഗാശുപത്രിയിൽ എത്തിക്കുകയും , അവിടത്തെ ഡോക്ടർ ജോബിനെ വിളിച്ചു അവനെ ഏറ്റെടുക്കാമോ എന്നും ചോദിക്കുകയും ചെയ്തു . പറ്റില്ല എങ്കിൽ മേഴ്‌സി കില്ലിംഗ് ആണ് പരിഹാരം എന്ന് നിർദേശിച്ചു പോലും. അതിനെ എതിർത്ത ജോബിനുമായി ഉണ്ടായ ചില വാക്ക് തർക്കമാണ് ആണ് അവന്റെ മനസു വേദനിപ്പിച്ചത് .
ഒരു പത്ര വാർത്ത മാത്രമായിരുന്നോ ആ നായയെ രക്ഷിച്ചവർക്കുണ്ടായിരുന്നത് എന്ന് തോന്നി പോകുന്ന സംഭവങ്ങൾ ആണ് ജോബിൻ വിശദീകരിച്ചത് . എന്ത് തന്നെ ആയാലും ജോബിൻ ആ നായയെ തൃശ്ശൂരുള്ള ഒരു ഷെൽറ്ററിലേക്കു വിദഗ്ധ ചികിത്സക്കും മറ്റുമായി സുരക്ഷിതമായി മാറ്റിയിരിക്കുന്നു . നൂറു ശതമാനം ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഉള്ള ഒരു നായയെ എന്നെന്നേക്കുമായി നിദ്രയിലേക്ക് തള്ളിവിടാൻ ഉണ്ടായ നിർദേശത്തിന് ഒരു പക്ഷെ ഡോക്ടറെ പ്രേരിപ്പിച്ചത് , ആ നായയെ ആശുപത്രിയിൽ എത്തിച്ചവരുടെ നിസ്സഹകരണമാവാം . ചികിത്സക്കുള്ള പണവും താമസ സൗകര്യവും ഒരുക്കാൻ ഒരു പക്ഷെ അവർ തയ്യാർ ആയിരുന്നിരിക്കില്ല .
പലപ്പോഴും നമ്മൾ മിണ്ടാപ്രാണികളെ രക്ഷിച്ച പത്രവാർത്തകൾ കണ്ടുകൊണ്ട് , അത് ചെയ്ത വ്യക്തികളോട് മനസ്സിൽ ആദരവും ബഹുമാനവും തോന്നിയിട്ടുണ്ടാകാം . എന്നാൽ അതിനു ശേഷം ആ മിണ്ടാപ്രാണിക്ക് എന്ത് സംഭവിച്ചു എന്ന് നമ്മൾ ആരും തന്നെ ആലോചിക്കാറില്ല . രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഒരുപക്ഷെ ഇങ്ങിനെ ഒരു പത്ര വാർത്ത മാത്രമായിരിക്കാം ലക്‌ഷ്യം . ഇത്തരം സന്ദർഭങ്ങളിൽ ആണ് ജോബിനെ പോലുള്ള മൃഗ സ്നേഹികൾ വ്യത്യസ്തരാകുന്നത് .
സ്നേഹിച്ചാൽ പതിന്മടങ്ങായി സ്നേഹം തിരിച്ചു തരുന്ന മിണ്ടാപ്രാണികൾക്ക് വേണ്ടി ഇനിയും ഒരുപാടു ജോബിൻമാർ നമ്മുക്ക് ചുറ്റും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു .
Good post....