എന്റെ വായനയുടെ ലോകം കൂടുതൽ വിശാലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വായിച്ചു പരിചയമില്ലാത്ത എഴുത്തുകാരുടെ പുസ്തകത്തിലേക്ക് ശ്രദ്ധ തിരിക്കാൻ തീരുമാനിച്ചത് . ഗൂഗിളിൽ ഏറ്റവും മികച്ചത് എന്ന് കാണിച്ച പുസ്തകങ്ങളിൽ നിന്നാണ് അനുജ ചൗഹാൻ എന്ന എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകമായ " ക്ലബ് യു ടു ഡെത്ത് " തിരഞ്ഞെടുത്തത് . ഒട്ടു മിക്ക സാധാരണ വായനക്കാരെ പോലെ തന്നെ ത്രില്ലറുകൾ വായിക്കാൻ ഇഷ്ടപെടുന്ന ഞാൻ ,ഒരു ത്രില്ലെർ എന്ന നിലയിൽ തന്നെയാണ് ഈ പുസ്തകം തിരഞ്ഞെടുത്തത് .
സാധാരണ ഇംഗ്ലീഷ് പുസ്തകം വായിക്കുന്ന ലാഘവത്തോടെ ഈ പുസ്തകം വായിക്കാൻ എനിക്ക് സാധിച്ചില്ല എന്നുള്ളത് വാസ്തവമാണ് . പലപ്പോഴും ഭാഷയുടെ കാഠിന്യം എന്നെ വലച്ചു എന്ന് പറയുന്നതാവും സത്യം. ചില പേജുകളിലെ ഉള്ളടക്കം പലതവണ വായിച്ചതിന് ശേഷമാണ് മനസ്സിലാക്കാൻ സാധിച്ചത് എന്നുള്ളതും സത്യം തന്നെ .
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കൊലപാതകത്തിന്റെ അന്വേഷണം തന്നെയാണ് കഥയുടെ ഉള്ളടക്കം , അതിനാൽ തന്നെ അത്യാവശ്യം സസ്പെൻസ് നിലനിർത്തി കൊണ്ട് തന്നെയാണ് കഥയുടെ വളർച്ച എന്നുള്ളത് എടുത്തു പറയേണ്ടി ഇരിക്കുന്നു . വായനയിൽ ഇടയ്ക്കിടയ്ക്ക് തടസ്സം നേരിട്ടു എങ്കിലും , കഥ ആസ്വദിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം.
ഡൽഹിയിലെ പുരാതനവും പ്രശസ്തവും, പണച്ചാക്കുകളുടെ സ്റ്റാറ്റസ് സിംബലുമായ ഒരു ക്ലബ്ബിൽ നടക്കുന്ന കൊലപാതകമാണ് കഥയുടെ ഇതിവൃത്തം . ക്ലബ്ബിന്റെ പുതിയ സാരഥിയെ തിരഞ്ഞെടുക്കാൻ ഉള്ള ഇലെക്ഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്താണ് ക്ലബ്ബിലെ യോഗ സൂംബ ട്രെയ്നർ ആയ ലിയോ മാത്യു കൊല്ലപ്പെടുന്നത് .
സുമുഖനും ആരെയും ആകർഷിക്കുന്ന സ്വഭാവത്തിനുടമയുമായ ലിയോ ക്ലബ്ബിലെ സ്ത്രീജനങ്ങളുടെ ആരാധന കഥാപാത്രമാണ് എന്ന് തന്നെ പറയാം . ശരീര സൗന്ദര്യം നിലനിർത്താൻ എന്ന വ്യാജേന ലിയോയെ കൺകുളിർക്കെ കാണാൻ വേണ്ടി മാത്രമാണ് പലരും സൂംബ പഠിക്കാൻ ലിയോയുടെ ക്ലാസുകൾ അറ്റൻഡ് ചെയ്തിരുന്നത് .
തന്റെ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് ഒരു മണിക്കൂർ ലിയോ സ്വന്തമായി വർക്ഔട് ചെയ്യുക പതിവാണ് . കൂട്ടത്തിൽ ഒരു ബോട്ടിൽ പ്രോട്ടീൻ ഷേക്ക് കുടിക്കുക എന്നതും ലിയോയുടെ ദിനചര്യയുടെ ഭാഗമാണ് . ഇത് രണ്ടുമാണ് ഈ ത്രില്ലറിലെ പ്രധാന ഘടകം .പതിവായി ക്ലാസിൽ എത്തുന്ന രണ്ടു സ്ത്രീകൾ ആണ് ലിയോ ജിമ്മിൽ മരിച്ചു കിടക്കുന്നത് കണ്ടത് .
ഒറ്റ നോട്ടത്തിൽ എക്സർസൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ഭാരമുള്ള ഒന്ന് വീണാണ് ലിയോ മരിച്ചത് എന്ന് എല്ലാവരും കരുതുന്നു എങ്കിലും ഫോറൻസിക് പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചത് എന്ന് തിരിച്ചറിയുന്നു. ക്ലബ്ബിൽ അംഗങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ സംശയം പല വ്യക്തികളിലേക്കു തിരിയുന്നു. ഇതിനിടയിൽ ലിയോ ക്ലബ്ബിലെ പല അംഗങ്ങളെയും ബ്ലാക്‌മെയ്ൽ ചെയ്തിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ മനസിലാക്കുന്നു .
ലിയോയുടെ ബ്ലാക്‌മെയിലിംഗിന് ഇരയായവരെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു കൊലപാതകത്തിനുള്ള സാധ്യത കാണാതിരുന്ന സമയത്താണ് ക്ലബ്ബിലെ പച്ചക്കറി തോട്ടത്തിൽ ഒരു ശവം കുഴിച്ചിട്ടുണ്ട് എന്ന് ലിയോയുടെ വീഡിയോ ഫൂട്ടേജുകൾ പരിശോധിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത് . പച്ചക്കറി തോട്ടം കുഴിച്ചപ്പോൾ വീഡിയോ ഫൂട്ടേജ് വിളിച്ചോതിയത് പോലെ തന്നെ ഒരു അസ്ഥികൂടവും, നിറമുള്ള ഒരു കുപ്പിച്ചില്ലിന്റെ കഷണവും കിട്ടുന്നു .
അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമകരമായ അന്വേഷണത്തിനൊടുവിൽ അവർ ചെന്നെത്തുന്നത് തുടക്കം മുതൽ തന്നെ കഥയിലെ കേന്ദ കഥാപാത്രമായ ഒരു വ്യക്തിയിൽ ആയിരുന്നു . ഒരിക്കൽ പോലും നമ്മൾ സംശയിക്കാത്ത ഒരു വ്യക്തി ആയിരുന്നു അത് എന്നുള്ളത് ശെരിക്കും സസ്പെൻസ് തന്നെ ആയിരുന്നു .
വായിച്ചു രസിക്കാൻ കഴിയുന്ന ഒരു ക്രൈം സസ്പെൻസ് ത്രില്ലെർ തന്നെയാണ് "ക്ലബ് യു ടു ഡെത്ത് ".
Seems to be an interesting thriller ...