കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി ഞാൻ കണ്ട ഏറ്റവും പുതിയ മൂന്ന് സിനിമകളെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റ് .
സിനിമ ഒന്ന് : കനകം കാമിനി കലഹം
ഡിസ്നി ഹോട്ടസ്റ്റാറിൽ നവംബർ പന്ത്രണ്ടാം തീയതി പുറത്തിറങ്ങിയ ഏറ്റവും പുതിയ നിവിൻ പോളി ചിത്രം ആണ് കനകം കാമിനി കലഹം . സത്യം പറയാല്ലോ ഇത്രയും ബോർ അടിപ്പിച്ചു കൊന്ന ഒരു സിനിമ . ഇപ്പൊ ചിരിക്കാം ഇപ്പൊ ചിരിക്കാം എന്ന് കരുതി സിനിമ മുഴുവൻ കണ്ട ഞങ്ങൾ ശശി ആയി :-) . നിവിൻ പോളി എന്ന നടൻ അഭിനയം മറന്നു പോയോ എന്ന് പോലും പലപ്പോഴും ചിന്തിച്ചു പോയി. കാരണം അത്രയ്ക്ക് ബോർ ആയിരുന്നു . ഒരു റോൾഡ് ഗോൾഡ് ജിമ്മിക്കി കമ്മൽ മോഷണം പോയതിനെ ചുറ്റി പറ്റി ഒരു ഹോട്ടലിൽ നടക്കുന്ന സംഭവമാണ് കഥ. ഉള്ളത് പറയാമല്ലോ , ഈ ചിത്രത്തിൽ അല്പമെങ്കിലും ചിരിക്കാൻ ഉള്ള വക നൽകിയത് വിനയ് ഫോർട്ട് അവതരിപ്പിച്ച ജോബി എന്ന കഥാപാത്രവും ജാഫർ അഭിനയിച്ച കഥാപാത്രവുമാണ് . എന്തായാലും രണ്ടു രണ്ടര മണിക്കൂർ അന്തസായി പോയി കിട്ടി .
സിനിമ രണ്ട് : ജയ് ഭിം
ആമസോൺ പ്രൈം വിഡിയോയിൽ തമിഴ് , തെലുങ്ക് , ഹിന്ദി , മലയാളം , കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സൂര്യ ചിത്രമാണ് ജയ് ഭിം . ഈ ചിത്രം കണ്ടിരുന്ന സമയങ്ങളിൽ പലപ്പോഴും മനസ്സിലൂടെ കടന്നു പോയത് ഒരിത്തിരി ഭക്ഷണം മോഷ്ടിച്ചതിന് നാട്ടുകാരും പോലീസും കൂടി ക്രൂരമായി മർദിച്ചു കൊന്ന മധു എന്ന ആ പാവം മനുഷ്യന്റെ രൂപമാണ് . ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തിയ സൂര്യയേക്കാൾ തകർത്തഭിനയിച്ചത് സെങ്കനി ആയി എത്തിയ ലിജോമോളും , സെങ്കനിയുടെ ഭർത്താവായ രാജാകണ്ണ് ആയി എത്തിയ മണികണ്ഠനുമാണ് . ആദിവാസികൾ അനുഭവിക്കുന്ന കൊടും പീഡനങ്ങളുടെ കഥപറയുന്ന ജയ് ഭിം , മനസ്സിൽ അല്പമെങ്കിലും മനുഷ്യത്വം അവശേഷിപ്പിക്കുന്നവരുടെ കണ്ണ് നനയിപ്പിക്കും . തങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖകളും ഇല്ലാത്ത വനമേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ ദുരവസ്ഥയുടെ നേർകാഴ്ചയാണീ ചിത്രം . മരിച്ചാൽ തിരിച്ചറിയാൻ ഒരു രേഖപോലുമില്ലാത്ത പാവങ്ങളെ കള്ളക്കേസുകളിൽ കുടുക്കുകയും , ക്രൂരമായി മർദിക്കുകയും , ലോക്കപ്പിൽ ജീവൻ നഷ്ടപ്പെടുമ്പോൾ വഴിയിൽ ഉപേക്ഷിക്കപെടുകയും, അജ്ഞാത ശരീരമായി മറവു ചെയ്യപ്പെടുകയും ചെയ്യുന്നു .യഥാർത്ഥ ജീവിതകഥയായ ജയ് ഭിം പാവങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ചന്ദ്രു എന്ന അഡ്വക്കേറ്റിന്റെ ജീവിത ഏടുകളിൽ നിന്ന് അടർത്തിയെടുത്ത ഒന്നാണ് .തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
സിനിമ മൂന്ന് : മീനാക്ഷി സുന്ദരേശ്വർ
നെറ്ഫ്ലിക്സിൽ പുറത്തിറങ്ങിയ കരൺ ജോഹർ നിർമ്മിച്ച ഏറ്റവും പുതിയ ഹിന്ദി ചിത്രം (എന്ന് പറയാൻ പറ്റില്ല . കാരണം ഇതിൽ ഹിന്ദി സംസാരിച്ചിട്ടേയില്ല ) ആണ് മീനാക്ഷി സുന്ദരേശ്വർ . സാന്യ മൽഹോത്രയും , അഭിമന്യു ദാസ്സനിയും (നല്ല ചിരിയുള്ള ഈ നടൻ നമ്മുടെ ഭാഗ്യശ്രീയുടെ പുത്രൻ ആണ് ) കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം അകന്ന് ജീവിക്കുന്ന ദമ്പതിമാരുടെ പ്രശ്നങ്ങൾ ആണ് പറയുന്നത് . തമിഴ് വംശജരായ മീനാക്ഷിയും സുന്ദരേശ്വറും വിവാഹതിരായതിന്റെ തൊട്ടു പിന്നാലെ ജോലിക്കായി സുന്ദരേശ്വർ ബാഗ്ലൂരിലേക്ക് പോകുന്നു . സുന്ദരേശ്വറിന് ആദ്യമായി കിട്ടിയ ജോലി ആയതിനാലും , ആ കമ്പനിയിൽ വിവാഹിതരെ ജോലിക്ക് എടുക്കാത്തതിനാലും , താൻ വിവാഹിതനാണെന്ന് അദ്ദേഹത്തിന് മറച്ചു വെക്കേണ്ടി വരുന്നു . ഇതുമൂലം ഉടലെടുക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം . പക്ക എന്റെർറ്റൈനെർ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ ആവില്ല കാരണം എവിടെയൊക്കെയോ ഇത്തിരി മുഷിപ്പ് തോന്നിപ്പിച്ചു . തുടക്കത്തിൽ ഞാൻ പറഞ്ഞു ഹിന്ദി ഭാഷ ഇതിൽ ഉപയോഗിച്ചിട്ടില്ല, എന്നത് സത്യമാണ് . കാരണം ഇതിൽ എല്ലാവരും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് .മൊത്തത്തിലൊരു ആനച്ചന്തം ഈ ചിത്രത്തിന് ഉണ്ടെങ്കിലും എവിടെക്കെയോ എന്തെക്കെയോ പോരായ്‌മകൾ തോന്നിപ്പിച്ചു. പക്ഷേ കണ്ടിരിക്കാം.
ഈ മൂന്ന് ചിത്രങ്ങൾ ഞാനും കണ്ടതാണ്.. എൻ്റെ റിവ്യൂവും ഇതുപോലെ തന്നെയാണ്. Congrats
Thanks Sumitha...now it's my turn to choose...