ആമസോൺ പ്രൈം വീഡിയോയിൽ ജൂൺ മുപ്പതാം തീയതി പുറത്തിറങ്ങിയ ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രമാണ് കോൾഡ് കേസ് . പുറത്തിറങ്ങി ഇതിനോടകം തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ധാരാളമായി തന്നെ പുറത്തിറങ്ങിയിട്ടുണ്ട് എന്ന വാസ്തവത്തിനിടയിൽ തന്നെ ആണ് ചിത്രത്തെ കുറിച്ചുള്ള എന്റെ നിരൂപണം ഇവിടെ കുറിക്കുന്നത് .
കോൾഡ് കേസ് എന്ന പേര് ഈ ചിത്രത്തിന് അനുയോജ്യമാകുന്നത് , ഇതിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ഒരു ഫ്രിഡ്ജ് മൂലമാണ്. പാരാസൈക്കോളജിയും പോലീസ് ഇൻവെസ്റ്റിഗേഷനും സമന്വയിപ്പിച്ചു കൊണ്ട് വ്യത്യസ്തമായി ഒരുക്കിയ ചിത്രം എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ സാധിക്കും എന്ന് തന്നെയാണ് എന്റെ ഒരഭിപ്രായം . പാരാസൈക്കോളജി ഇതിവൃത്തമായി ധാരാളം ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട് . എന്നാൽ ഒരു അദൃശ്യ ശക്തിയുടെ പ്രേരണയോടെ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും , തെളിവായി ലഭിച്ച ഒരു തലയോട്ടിയുടെ പശ്ചാത്തലത്തിൽ മരിച്ച ആളെയും അതിന്റെ പിന്നിലെ രഹസ്യവും അന്വേഷിച്ചിറങ്ങുന്ന ഒരു പോലീസ് സംഘവും പരസ്പരം അറിയാതെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ശൈലി തന്നെയാണ് ഈ ചിത്രത്തിലുട നീളം സ്വീകരിച്ചിരിക്കുന്നത് .
പാരാസൈക്കോളജി ആസ്പദമാക്കി ഉള്ള ഗവേഷണങ്ങൾ നടത്തുകയും അതിനെക്കുറിച്ചുള്ള ഫീച്ചറുകൾ തയ്യാറാക്കുകയും ചെയ്യുന്ന മേധ എന്ന ജേർണലിസ്റ്റിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്. അതെ സമയം തന്നെ ഒരു മീൻ പിടുത്തക്കാരന് ഒരു ബാഗിൽ പൊതിഞ്ഞ നിലയിൽ കിട്ടിയ തലയോട്ടിയുടെ അടിസ്ഥാനത്തിൽ സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ അതിന്റെ വേരുകൾ തേടി ഇറങ്ങുന്നു .
തനിക്കും കുഞ്ഞിനും താമസിക്കാൻ മേധ ഒരു വീട് വാടകയ്ക്ക് എടുക്കുന്നു . എല്ലാ വിധ സൗകര്യങ്ങളും ഉള്ള വീട്ടിൽ താമസം ആരംഭിച്ച മേധ , തനിക്കുണ്ടായ വിചിത്രമായ ചില അനുഭവങ്ങളിൽ നിന്ന് ആ വീട്ടിൽ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ട് എന്ന് മനസിലാക്കുന്നു. ഇതിനായി ആത്മാക്കളുമായി സംസാരിക്കുന്ന ഒരു സ്ത്രീയുടെ സഹായം തേടുകയും ഒരു പെൺകുട്ടിയുടെ ആത്മാവ് അവിടെ ഉണ്ട് എന്നും , ആ ആത്മാവ് ആരുടെ ആണെന്നും ,തന്നിലൂടെ ആ ആത്മാവിന് ലോകത്തോട് എന്തോ പറയാനുണ്ടെന്നും മേധ മനസിലാക്കുന്നു .
ഇതേ സമയം തന്നെ പോലീസും തങ്ങൾക്കു ലഭിച്ച തലയോട് ,മേധ കണ്ടെത്തിയ അതെ പെൺകുട്ടിയുടേതാണെന്ന് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്നു . ഒരേ സമയം പരസ്പരം അറിയാതെ ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ഇവർ രണ്ടു പേരും അന്വേഷിക്കുന്നു . ഒരേ തെളിവുകൾ രണ്ടു പേർക്കും ലഭിക്കുന്നു. ഒടുവിൽ അവർ പരസ്പരം കാര്യങ്ങൾ മനസിലാക്കുകയും സത്യത്തിലേക്കു എത്തി ചേരുകയും ചെയ്യുന്നു. ചിത്രത്തിലുട നീളം നമ്മുക്ക് ഒപ്പം സഞ്ചരിച്ച ഒരാളായിരുന്നു കൊലപാതകി എന്നത് ഈ ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്തുന്നു .
മേധയുടെ അനിയത്തിയുടെ മരണം ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. കാരണമെന്തെന്ന് അറിയാത്ത ഒരു ആത്മഹത്യ . ഈ ഭാഗം ചിത്രത്തിന്റെ അവസാനം കാണിച്ചു കൊണ്ട് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത നിലനിർത്തി കൊണ്ടാണ് ചിത്രം അവസാനിച്ചിരിക്കുന്നത് .
ചിത്രത്തിന്റെ ചില രംഗങ്ങളിലൂടെ ഒരു ഹൊറർ ചിത്രത്തിന്റെ മൂഡ് കൊണ്ട് വരുവാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗം വരെ കൊലയാളി ആര് എന്ന സംശയം ബാക്കി നിർത്തുകയും അതിലൂടെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുവാനും സാധിച്ചിട്ടുണ്ട് .
ശ്രീനാഥ് വി നാഥിന്റെ തിരക്കഥയിൽ തനു ബാലക് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സത്യജിത് ആയി എത്തുന്നത് പൃഥ്വിരാജ് ആണ് . മേധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദിതി ബാലൻ ആണ് .
Seems to be a thriller...feel like watching it....
സത്യജിത്ത് എന്ന കഥാപാത്രത്തിൽ ത്രില്ലില്ല.ക്ലൈമാക്സിൽ യുക്തിയുടെ മാത്രം ഭാഗത്തു നിലയുറപ്പിച്ചു എന്നത്കൊണ്ടുതന്നെ ഒരു ത്രില്ലെർ എന്നുള്ള നിലയിൽ പടം കൊണ്ടുപോകാൻ മാത്രം പാരാസിക്കോളജിയെ ഉപയോഗിച്ചു എന്നുപറയുന്നതാവും ശരി.