ഇന്നത്തെ എന്റെ ഈ എഴുത്തിന് ചേരുന്ന തലകെട്ടാണോ ഇതെന്ന് എനിക്ക് നിശ്ചയമില്ല . എന്നാലും ആലോചനയിൽ പെട്ടെന്ന് കടന്നു വന്നത് ഈ തലകെട്ടാണ് .
ഇന്ന് ഇതെഴുതാൻ ഉണ്ടായ കാരണം എന്റെ മെയിൽ ബോക്സിൽ വന്ന ഒരു ഓഫറാണ് . സ്ഥിരമായി ചെടികൾ വാങ്ങുന്ന ഒരു ഓൺലൈൻ നഴ്സറിയുടെ പരസ്യം ആയിരുന്നു . തീം "ഫാതെർസ് ഡേ ". സത്യത്തിൽ ഈ ഓഫർ കണ്ടെങ്കിലും ആദ്യം എനിക്കതു ഗൗനിക്കാൻ തോന്നിയില്ല പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ എന്നാണ് ഈ ഫാതെർസ് ഡേ അതല്ലെങ്കിൽ എന്ന് മുതലാണ് ഇങ്ങിനെ ഒരു ദിനം നിലവിൽ വന്നത് എന്ന ചിന്ത ഉണ്ടായി . അറിയില്ല . ഇത് വായിക്കുന്ന ആർക്കെങ്കിലും അറിയാമെങ്കിൽ തീർച്ചയായും പങ്കു വെക്കുക . പുതിയ അറിവുകൾ എന്നും ഗുണപ്രദമാണ് .
പഠിക്കുന്ന കാലഘട്ടത്തിൽ എല്ലാവരും തന്നെ കാത്തിരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്ന രണ്ടു ദിനങ്ങൾ ആണ് ഓർമ്മയിൽ നിറയുന്നത് . ഒന്ന് വാലെന്റൈൻസ് ഡേ മറ്റൊന്ന് ഫ്രണ്ട്ഷിപ് ഡേ. പ്രണയം തുറന്നു പറയുകയും കമിതാക്കൾ പ്രണയം കൂടുതൽ ദൃഢമാക്കുകയും ചെയ്തിരുന്ന വാലെന്റൈൻസ് ഡേ . അന്നൊക്കെ ഓരോ വാലെന്റൈൻസ് ഡേയ്ക്കും ഓരോ നിറങ്ങൾ ഉണ്ടായിരുന്നു . ആ നിറത്തിൽ ഉള്ള വസ്ത്രം ധരിക്കാൻ കഴിവതും ശ്രമിക്കുകയും ചെയ്യുമായിരുന്നു .ഇന്ന് എങ്ങിനെ ആണ് അത് കൊണ്ടാടുന്നത് എന്നതിനെ കുറിച്ച് വലിയ ധാരണയില്ല. എന്നാലും സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾക്കും ചിത്രങ്ങൾക്കും കുറവുണ്ടാകാറില്ല എന്നത് വാസ്തവം തന്നെ ആണ് .
രണ്ടാമത്തേത് ഫ്രണ്ട്ഷിപ് ഡേ. ഓർത്തിരുന്ന് ആത്മാർത്ഥ സുഹൃത്തിന് എന്തെങ്കിലുമൊക്കെ സമ്മാനം നല്കാൻ അന്നൊക്കെ ശ്രമിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം. എന്റെ കോളേജ് കാലഘട്ടത്തിൽ ഒട്ടു മിക്ക കോളേജ് കാമ്പുസുകളിലും നിറഞ്ഞു നിന്നിരുന്ന ഒന്നാണ് ഫ്രണ്ട്ഷിപ് ബാൻഡ്. അത് പോലെ ഒന്ന് സമ്മാനിക്കുകയും കിട്ടുകയും ചെയ്യുമ്പോൾ മനസ്സിൽ നിറഞ്ഞു പൊന്തിയിരുന്ന സന്തോഷം വാക്കുകളിൽ ഒതുക്കാൻ ആവില്ല.
ഇന്നിപ്പോൾ എത്ര ഒക്കെ ദിനങ്ങൾ ആണ് . ഓരോ ദിവസസവും അന്നത്തെ പ്രത്യേകത നോക്കിയാൽ ഏതെങ്കിലും ഒരു സ്പെഷ്യൽ ഡേ ആയിരിക്കും . ഉദാഹരണത്തിന് എൻവിറോണ്മെന്റ് ഡേ, അല്ലെങ്കിൽ എലിഫന്റ്സ് ഡേ എന്തിനു മോസ്‌ക്വിറ്റോ ഡേ വരെ ഇന്നുണ്ട്. മതെര്സ് ഡേ പണ്ടും ഉണ്ടായിരുന്ന ഒന്ന് തന്നെ ആണ് എന്നാൽ ഫാതെർസ് ഡേ രംഗത്തെത്തിയിട്ടു അധികം കാലമായില്ല എന്നതാണ് എന്റെ വിശ്വാസം. തെറ്റുണ്ടെങ്കിൽ തിരുത്തുക.
ബാക്കി എല്ലാ ദിനങ്ങളും മാറ്റി വെച്ച് നമ്മുക്ക് ഫാതെർസ് ഡേയും , മതെര്സ് ഡേയും എടുക്കാം. നമ്മുക്കെത്ര പേർക്ക് ഔപചാരികമായി നമ്മുടെ മാതാപിതാക്കളെ വിഷ് ചെയ്യാൻ സാധിക്കും. എനിക്ക് കഴിയില്ല. രാവിലെ എഴുന്നേറ്റ് അമ്മേ "ഹാപ്പി മതെര്സ് ഡേ" അല്ലെങ്കിൽ അച്ഛാ "ഹാപ്പി ഫാതെർസ് ഡേ" എന്നൊന്നും പറയാൻ ഈ ജന്മം എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. അങ്ങിനെ നമ്മൾ ആശംസകൾ നേരുമ്പോൾ ഒരു കൃത്രിമത്വം ഫീൽ ചെയ്യില്ലേ എന്നാണ് എന്റെ സംശയം.
ഓൺലൈൻ ദിനങ്ങൾ എന്ന് ഇവയെ സംബോധന ചെയ്യാൻ തന്നെ കാരണം , ഇതേ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറയുന്ന ചിത്രങ്ങളും സ്നേഹ സന്ദേശങ്ങളും ആണ്. യഥാർത്ഥത്തിൽ ഒരു പ്രഹസനം അല്ലെ ഈ പങ്കു വെക്കൽ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് . ഇങ്ങിനെ ഒക്കെ കാണിച്ചില്ലെങ്കിൽ അച്ഛൻ അമ്മമാരോട് നമ്മുക്ക് സ്നേഹമില്ല എന്ന് ആരെങ്കിലും കരുതുമോ? എനിക്ക് തോന്നുന്നില്ല. അതേപോലെ തന്നെ ഹോ അവർക്കൊക്കെ തങ്ങളുടെ മാതാപിതാക്കളോട് എന്തൊരു സ്നേഹമാണ് എന്ന് ചിന്തിക്കും എന്നും കരുതുന്നില്ല. ഒരു അൻപത് ശതമാനം പേരെങ്കിലും ഇതൊക്കെ കാണുമ്പോൾ എന്തൊരു പ്രഹസനം എന്ന് മനസ്സിലെങ്കിലും ചിന്തിക്കും എന്നുള്ളത് അച്ചട്ടാണ് . അല്ലേ ?
These are all just media creations ...we really don't need a special day to express our feelings to our dear and near ones...