സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതകഥയാണ് "എന്റെ ജീവിതകഥ ". ഇംഗ്ലീഷ് ഭാഷയിൽ ഇറങ്ങിയ ഈ പുസ്തകം മലയാളത്തിൽ ഇറക്കിയിരിക്കുന്നത് ഡിസി ബുക്‌സാണ് .
ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില മുഖങ്ങൾ ഉണ്ട് . ആ മുഖങ്ങളിൽ തീർച്ചയായും ആദ്യത്തേത് സച്ചിൻ ടെണ്ടുൽക്കർ എന്ന ആ കൊച്ചു മനുഷ്യന്റെ ആയിരിക്കും . ചുരുണ്ട മുടിയും , നിഷ്കളങ്കമായ ചിരിയും അതിലുപരി കാണികൾക്ക് വിരുന്നായി മാറുന്ന അത്യുഗ്രൻ ഷോട്ടുകളും അതാണ് സച്ചിൻ ടെണ്ടുൽക്കർ .
എന്റെ ജീവിതകഥ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ നിറഞ്ഞു നിൽക്കുന്നത് അദ്ദേഹത്തിന്റെ ഇരുപത്തിനാല് വർഷം നീണ്ടു നിന്ന ക്രിക്കറ്റ് ജീവിതമാണ് . ആദ്യമായി കളിക്കാൻ തുടങ്ങിയത് മുതൽ അവസാനത്തെ വിടപറച്ചിൽ പ്രസംഗത്തിൽ അവസാനിക്കുന്നു ഈ പുസ്തകം.
ഇതിലെ ഓരോ വരികൾ എഴുതുമ്പോഴും സച്ചിൻ ടെണ്ടുൽക്കർ മനസിലൂടെ മിന്നിമറഞ്ഞു കൊണ്ടേയിരിക്കുന്നു . തന്റെ പതിനാറാമത്തെ വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കളിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു വ്യക്തി സച്ചിൻ മാത്രമായിരിക്കും . സച്ചിൻ എന്ന പേരിന് ഒറ്റ മുഖമേയുള്ളു അത് സച്ചിൻ ടെണ്ടുൽക്കർ എന്ന പത്താം നമ്പർ ജേഴ്സിക്കാരനാണ് .
ക്രിക്കറ്റ് ഹരമായിരുന്ന കാലത്ത് ഒരൊറ്റ കളി പോലും വിടാതെ കണ്ടിട്ടുണ്ട് . ഹോസ്റ്റലിൽ ആയിരുന്ന കാലഘട്ടങ്ങളിൽ എന്റെയീ പ്രാന്തിനെ ചൊല്ലി കളിയാക്കലുകൾ വരെ കേട്ടിട്ടുണ്ട് . ഇന്ത്യൻ ടീം ബാറ്റിങിനിറങ്ങുമ്പോൾ അനുഭവിക്കുന്ന ടെൻഷനും , റണ്ണുകൾ വാരിക്കൂട്ടുമ്പോൾ ഉണ്ടാകുന്ന ആവേശവും , വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന നിരാശയും ഇന്നും ഓർക്കുന്നു . എന്റെ ജീവിതകഥയിലൂടെ ഞാൻ എന്റെ കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു പരിധി വരെ .
ഇന്നും മറക്കാനാവാത്ത ഒന്നാണ് 2003 ൽ നടന്ന വേൾഡ് കപ്പ് . 1983 ന് ശേഷം അതായത് ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം ഫൈനലിൽ കടന്ന വർഷം ആയിരുന്നു 2003 വേൾഡ് കപ്പ്. തലേന്ന് രാത്രി ടെൻഷൻ അടിച്ചു ഇന്ത്യ വേൾഡ് കപ്പ് മേടിക്കുന്നത് സ്വപ്നം കണ്ടു കിടന്നു . രാവിലെ എഴുന്നേറ്റ് സോണി മാക്സ് വെക്കുന്നതും, മന്ദിര ബേദിയും കൂടെയുള്ള അവതാരകനും (പേര് ഓർമ്മയില്ല ) കൂടി ടാരറ്റ് കാർഡ് എടുപ്പിക്കുന്നതും എല്ലാം ഇന്നലത്തെ പോലെ മനസ്സിൽ തെളിയുന്നു . ഓസ്ട്രേലിയ എന്ന ശക്തരായ ടീമിനോട് ഫൈനലിൽ കളിക്കുന്ന ഇന്ത്യ . എക്കാലത്തും ശക്തരായ ഓസ്‌ട്രേലിയയോട് മത്സരിക്കാൻ കെല്പുള്ള ഒരു ഇന്ത്യൻ ടീം ആയിരുന്നു അന്നുണ്ടായിരുന്നത് . ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആയിരുന്ന സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഐക്യത്തോടെ കളിച്ചിരുന്ന ഇന്ത്യൻ ടീം. ഒരു സ്വപ്ന ടീം ആയിരുന്നു എന്നെ സംബന്ധിച്ച് അത്.
സെവാഗ് , സച്ചിൻ, ലക്ഷ്മൺ , ദ്രാവിഡ് , ഗാംഗുലി, യുവരാജ് സിംഗ് . കൈഫ് , നെഹ്റ , ബാലാജി , സഹീർ ഖാൻ ,ഇർഫാൻ പത്താൻ തുടങ്ങിയ പ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ടീം. എന്നിട്ടും സഹീർ ഖാൻ ആദ്യ ഓവറിൽ നൽകിയ പന്ത്രണ്ട് റണ്ണിൽ തുടങ്ങിയ താളം തെറ്റൽ ഇന്ത്യൻ ടീമിന്റെ തോൽവിയിൽ അവസാനിച്ചു എന്നുള്ളത് ചരിത്രം.
എഴുതാൻ ഇനിയും ഉണ്ട് കുറെ . പക്ഷെ ഇത് വായിക്കുന്നവർക്ക് ചിലപ്പോൾ മടുപ്പുണ്ടാക്കിയേക്കാം .എന്നിരുന്നാലും എന്റെ ജീവിതകഥ എന്ന പുസ്തകവായന എനിക്ക് സമ്മാനിച്ചത് കുറെ ഓർമകളാണ്, ഒരു ക്രിക്കറ്റ് ആരാധികയായിരുന്ന എന്റെ കുറെ ഓർമ്മകൾ .
Comentarios